ന്യൂഡൽഹി: കൃത്യമായ മാർഗനിർദ്ദേശം പാലിച്ച് മാത്രമേ മരുന്നുകൾ നിർമ്മിക്കാൻ പാടുള്ളൂവെന്ന് കമ്പനികളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. മാർഗനിർദ്ദേശം പാലിച്ച് ആവശ്യമായ ടെസ്റ്റുകൾ നടത്തി മാത്രമേ മരുന്നുകൾ പുറത്തിറക്കാൻ പാടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിൽ നിർമ്മിച്ച കഫ് സിറപ്പുകൾ ഗാംബിയയിലെ കുട്ടികളുടെ മരണത്തിന് കാരണമായെന്ന അനുമാനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന വിഷയത്തിൽ ഇടപെടൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന കഫ് സിറപ്പുകളിൽ അമിതമായ അളവിൽ ഡൈഎഥലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഉപയോഗിച്ചിരുന്നുവെന്ന് ലോകാരോഗ്യ സംഘടന നടത്തിയ ലബോറട്ടറി വിശകലനത്തിൽ നിന്ന് വ്യക്തമായിരുന്നു. ഇത് ശരീരത്തിനെ മോശമായി ബാധിക്കുകയും കിഡ്നിയുടെ പ്രവർത്തനത്തെ കുഴപ്പത്തിലാക്കുകയും ചെയ്യുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ.
ഗുണനിലവാരം നിലനിർത്തുന്നതിന് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ഉപയോഗിച്ച് ആവശ്യമായ പരീക്ഷണങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) എഴുതിയ കത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകി. ഈ കത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മരുന്ന് നിർമ്മാണ കമ്പനികൾക്കും അയച്ചിട്ടുണ്ട്. ഇന്ത്യൻ ഫാർമക്കോപ്പിയ റഫറൻസ് സ്റ്റാൻഡേർഡ് (ഐപിആർഎസ്) മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മാത്രമേ ഇന്ത്യയിൽ മരുന്ന് നിർമ്മാണം പാടുള്ളൂവെന്ന് ഡിസിജിഐ, വി ജി സോമാനി ഒക്ടോബർ 10-ന് കമ്പനികൾക്ക് അയച്ചിട്ടുള്ള കത്തിൽ പറഞ്ഞിട്ടുണ്ട്.
ഐപിസി എന്നത് രാജ്യത്ത് മരുന്നുകൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഏജൻസിയാണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായാണ് ഇത് പ്രവർത്തിക്കുന്നത്. ഐപിസി കാറ്റലോഗിൽ 660 ഐപിആർഎസുകളും 345 മാനദണ്ഡങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഐപിസി വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാവും. ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളും ടെസ്റ്റിംഗ് ലബോറട്ടറികളും ഐപിസിയുടെ റഫറൻസ് മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നാണ് നിർദ്ദേശം.

