ലഖ്നൗ: 2024 ആകുമ്പോഴേക്കും ഉത്തര്പ്രദേശിലെ റോഡുകള് അമേരിക്കയിലെ റോഡിനെക്കാള് മികച്ചതായിരിക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന് ഗഡ്കരി പറഞ്ഞു. യുപിയില് 8,000 കോടി രൂപയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉത്തര്പ്രദേശിന്റെ വികസനത്തിനായി നരേന്ദ്ര മോദി സര്ക്കാര് 5 ലക്ഷം കോടി രൂപ ഉടന് അനുവദിക്കും. 2024 ആകുമ്പോഴേക്കും അമേരിക്കയെക്കാള് മികച്ച റോഡുകള് ഉത്തര്പ്രദേശില് ഉണ്ടാകും. നല്ല റോഡുകള് നിര്മിക്കാന് പണം തടസ്സമാകില്ല’- കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഷഹാബാദ്-ഹാര്ദോ ബൈപാസ്, ഷാജാഹാന്പുര്-ഷഹാബാദ് ബൈപാസ്, മൊറാദാബാദ്-താക്കുര്വാര-കാശിപുര് ബൈപാസ്, ഗാസിപ്പുര്-ബലിയ ബൈപാസ് ഉള്പ്പടെ 8000 കോടി രൂപയുടെ പദ്ധതികളാണ് നിതിന് ഗഡ്കരി യുപിയില് പ്രഖ്യാപിച്ചത്.

