ഡിഎംകെ അധ്യക്ഷനായി സ്റ്റാലിന്‍; തിരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ

ചെന്നൈ: ഇന്ന് നടന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഐകകണ്‌ഠേന തിരഞ്ഞെടുത്തതായി ഡിഎംകെ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരായ ദുരൈമുരുകന്‍ ജനറല്‍ സെക്രട്ടറിയായും ടി ആര്‍ ബാലു ട്രഷററായും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.

അന്തരിച്ച പാര്‍ട്ടി കുലപതി എം കരുണാനിധിയുടെ ഇളയ മകനായ 69 കാരനായ സ്റ്റാലിന്‍ ഡിഎംകെ ട്രഷറര്‍, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2018ല്‍ കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. 1949-ലാണ് ഡിഎംകെ സ്ഥാപിതമായത്.

അതേസമയം, സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളിലായി വിവിധ തലങ്ങളിലുള്ള പാര്‍ട്ടി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നിരുന്നു. മൂന്ന് നേതാക്കളും രണ്ടാം തവണയാണ് തങ്ങളുടെ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ വേദിയില്‍ എത്തിയ മുഖ്യമന്ത്രിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണം നല്‍കി.