കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ 5 വർഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദ്ദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
2017 നവംബർ മാസത്തിലാണ് ഹർഷിനയ്ക്ക് പ്രസവ ശസ്ത്രക്രിയ നടന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ചായിരുന്നു ശസ്ത്രക്രിയ. എന്നാൽ, പിന്നീട് യുവതിയ്ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി. നിരവധി ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും രോഗം കണ്ടെത്താൻ കഴിഞ്ഞില്ല. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുർബലമായതോടെ വൃക്കരോഗമോ ക്യാൻസറോ ബാധിച്ചെന്ന് വരെ ഹർഷിന കരുതി. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തിയ സിടി സ്കാനിംഗിലാണ് ശരീരത്തിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയ നടത്തി ഹർഷിനയുടെ ശരീരത്തിന് ഉള്ളിൽ നിന്നും കത്രിക പുറത്തെടുത്തു. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നത് കാരണമായിരുന്നു യുവതി ഇത്രത്തോളം ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടത്.

