വടക്കഞ്ചേരിയിൽ അപകടം; കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ

പാലക്കാട്: വടക്കഞ്ചേരിയിൽ അപകടമുണ്ടായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെ വടക്കഞ്ചേരിയിലെത്തിച്ചു. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകിൽ ചെന്ന് ഇടിച്ചതെന്നാണ് ജോമോൻ പോലീസിനോട് വിശദമാക്കിയത്.

ബസ് ഓടിക്കുന്ന സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോൻ പറയുന്നു. ആലത്തൂർ ഡിവൈഎസ്പി ആർ. അശോകന്റെ നേതൃത്വത്തിൽ ജോമോനെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. കൊല്ലം ചവറ പോലീസാണ് ഡോമോനെ പിടികൂടിയത്. ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ അവിടെ നിന്നും മുങ്ങുകയായിരുന്നു. അഭിഭാഷകനെ കാണാനായി തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയാണ് ഇയാൾ പിടിയിലാകുന്നത്.

അതേസമയം, വടക്കഞ്ചേരി വാഹനാപകടത്തിൽ ഹെക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ഹൃദയം തകർക്കുന്ന ഈ വാർത്ത ഇന്നുകൊണ്ട് അവസാനിപ്പിക്കാൻ പാടില്ലെന്നും ഇതിന് എന്തെങ്കിലും പോംവഴി കണ്ടെത്തിയേ മതിയാവൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലെയിൻ ഡിസിപ്ലീൻ ഇല്ല. വണ്ടികൾ ലെഫ്റ്റ് സൈഡെടുത്ത് പോകാറില്ല. വലതുവശം നോക്കിയാണ് അവർ പോകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.