മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് തിരിച്ചടി. ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കൊപ്പം വേദി പങ്കിട്ടു. ദസറ ദിനത്തിൽ മുംബൈ ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിലാണ് ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടത്. സെൻട്രൽ മുംബൈയിലെ ദാദറിലെ ശിവാജി പാർക്കിൽ ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം റാലി നടത്തിയിരുന്നെങ്കിലും ഇതിൽ പങ്കെടുക്കാതെ സ്വന്തം സഹോദരൻ എതിർക്യാമ്പിലേക്ക് പോയത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്.
അതേസമയം, ഏക്നാഥ് ഷിൻഡെയ്ക്കെതിരെ ഉദ്ധവ് താക്കറെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഒരാളുടെ അത്യാഗ്രഹം എത്രയായിരിക്കണം. മുഖ്യമന്ത്രി പദം തന്നു, ഇപ്പോൾ പാർട്ടിയും ചോദിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഏക്നാഥ് ഷിൻഡെ തന്റെ പിതാവിനെ മോഷ്ടിച്ചെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. ശിവസേനയ്ക്ക് എന്ത് സംഭവിക്കുമെന്നായിരുന്നു നേരത്തെയുള്ള ചോദ്യം. എന്നാൽ, ഇവിടെയുള്ള ആൾക്കൂട്ടത്തെ കാണുമ്പോൾ ഉയരുന്ന ചോദ്യം വഞ്ചകർക്ക് എന്ത് സംഭവിക്കുമെന്നാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും രാവണനെ കത്തിക്കും. എന്നാൽ ഇത്തവണ വ്യത്യസ്തനായ രാവണനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കവിതയിലൂടെയായിരുന്നു ഷിൻഡെ ഉദ്ധവ് താക്കറെയുടെ വിമർശനത്തിന് മറുപടി നൽകിയത്. കവി ഹരിവംശായ് ബച്ചന്റെ വരികളായ ‘എന്റെ മകനായതുകൊണ്ട് എന്റെ മകൻ എന്റെ അനന്തരാവകാശിയാവില്ല, എന്റെ അനന്തരാവകാശി ആരായാലും എന്റെ മകനായിരിക്കും എന്നായിരുന്നു ഷിൻഡെ മറുപടി നൽകിയത്.

