തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്ന ആൽകോ സ്കാൻ വാൻ വിവിധ ജില്ലകളിൽ പ്രവർത്തനം ആരംഭിച്ചു. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാഹനമാണ് ആൽകോ സ്കാൻ വാൻ. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ തയാറാക്കിയിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉൾപ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുന്നത്.
പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്.
വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കാട്രിഡ്ജ് വായിൽ കടത്തി ഉമിനീർ ശേഖരിച്ച ശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. വാഹനം പൂർണ്ണമായി ശതീകരിച്ചതാണ്.
ലഹരിമരുന്നുപയോഗം കണ്ടെത്താൻ നിലവിലുള്ള പരിമിതികൾ മറികടക്കുന്നതാണ് പുതിയ സംവിധാനം. യോദ്ധാവ് എന്നപേരിൽ ലഹരിമരുന്നുകൾക്കെതിരായ ബോധവത്കരണം വ്യത്യസ്ത പരിപാടികളിലൂടെ സെപ്റ്റംബർ 13 മുതൽ ജില്ലയിൽ പോലീസ് നടത്തിവരികയാണ്. മദ്യമയക്കുമരുന്നുകൾ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കർശന നിയമനടപടികൾക്ക് വിധേയരാക്കാൻ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും.
പത്തനംതിട്ട ജില്ലയിൽ എത്തിയ ആൽക്കോ വാൻ ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുക്കർ മഹാജൻ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടരലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങളുടെ പ്രവർത്തനം നർകോട്ടിക് സെൽ ഡിവൈഎസ്പി െ.എ. വിദ്യാധരൻ ജില്ലാ പോലീസ് മേധാവിയോട് വിശദീകരിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഓരോ ദിവസം ഉപയോഗപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി കെ. സാബു, ഡിസിആർബി. ഡിവൈഎസ്പി എസ് വിദ്യാധരൻ, പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോൺ എന്നിവർ പങ്കെടുത്തു.

