തിരുവനന്തപുരം: നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി നാളില്‍ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക്. ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നത്.
കൊല്ലൂര്‍ മൂകാംബികാ ദേവീക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. പുലര്‍ച്ചെ തന്നെ ഇവിടെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. രണ്ടു മണിയോടെ പ്രത്യേക പൂജകള്‍ ആരംഭിച്ചു. പൂജയെടുപ്പിന് ശേഷം നാലുമണിക്കാണ് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിയത്. വിദ്യാമണ്ഡപത്തില്‍ ആചാര്യന്മാര്‍ കുട്ടികളെ എഴുത്തിനിരുത്തി.
അതേസമയം, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പുലര്‍ച്ചെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. പനച്ചിക്കാട് ക്ഷേത്രം, പൂജപ്പുര, തുഞ്ചന്‍പറമ്പ്, കൊല്ലൂര്‍ മൂകാംബിക, ചോറ്റാനിക്കര എന്നിവിടങ്ങളിലൊക്കെ വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു. കോവിഡിന് ശേഷം ആദ്യമായി വിപുലമായ ചടങ്ങുകളോടെ വിദ്യാരംഭം നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

