കാനം സിപിഐയെ സിപിഎമ്മിന് മുന്നിൽ അടിയറവെച്ചു; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിനിധികൾ

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ പ്രതിനിധികൾ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് പ്രതിനിധികൾ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. സിപിഐയെ സിപിഎമ്മിന് മുന്നിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടിയറവെച്ചെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിനിധികൾ ഉയർത്തിക്കാട്ടി.

മുന്നണിയാകുമ്പോൾ സുഖദുഖങ്ങൾ അനുഭവിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞത്. എന്നാൽ സിപിഐക്ക് ഇപ്പോൾ ദുഖം മാത്രമേയുള്ളൂവെന്നാണ് പ്രതിനിധികൾ കുറ്റപ്പെടുത്തുന്നത്. സിപിഐയിൽ ഇപ്പോൾ കാനം രാജേന്ദ്രന്റെ അപ്രമാദിത്വമാണെന്നും പ്രതിനിധികൾ പറയുന്നു. കാനത്തെ വിമർശിച്ചാൽ പാർട്ടിയെ വിമർശിച്ചു എന്ന് പറയാനാകില്ല. അങ്ങനെ പറയുന്നത് അൽപ്പത്തരമാണെന്നും പ്രതിനിധികൾ അറിയിച്ചു.

അതേസമയം, കെ റെയിയിലിനെതിരെയും പ്രതിനിധികൾ വിമർശനം നടത്തി. കെ റെയിൽ എന്തിന് വേണ്ടി നടപ്പാക്കണമെന്ന് അഞ്ച് ജില്ലാ കമ്മിറ്റികൾ ചോദിച്ചു. ജനങ്ങൾ വലിയ ആശങ്ക പങ്ക് വയ്ക്കുന്നുണ്ടെന്നും കമ്മറ്റികൾ ചൂണ്ടിക്കാട്ടി. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നുമാണ് കാനം രാജേന്ദ്രൻ ഇതിന് മറുപടി നൽകിയത്. പുതിയ എൽഡിഎഫ് സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് സർക്കാരിനെതിരായ വിമർശനങ്ങൾക്ക് കാനം മറുപടി നൽകി. ആദ്യ സർക്കാരിനെ വിലയിരുത്തിയത് അഞ്ച് വർഷം കൊണ്ടാണെന്നും സർക്കാരിനെ വിലയിരുത്താൻ അഞ്ച് വർഷം കാത്തിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.