തിരുവനന്തപുരം: പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും സിപിഐയിൽ ഇല്ലെന്നും ഇത്തരക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദഹം മുന്നറിയിപ്പ് നൽകി. പാർട്ടി മുഖമാസികയിലെഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടിയിൽ വിഭാഗിയത രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നാണ് വിവരം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നണിയിൽ ഉന്നയിക്കുന്നതിൽ പാർട്ടി ഇതുവരെ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ഉന്നയിക്കേണ്ട കാര്യങ്ങൾ മുന്നണിയിൽ കൃത്യമായി പറയും. ചിലപ്പോൾ പരസ്യപ്രതികരണത്തിനും മടിച്ചിട്ടില്ലെന്നും കാനം അറിയിച്ചു.
പാർട്ടിയിൽ ഗ്രൂപ്പുണ്ടെന്ന മാദ്ധ്യമ പ്രചാരവേല തെറ്റാണ്. എപ്പോഴും മാദ്ധ്യമങ്ങൾക്ക് വാർത്ത ചമച്ച് കൊടുത്ത് മുന്നണിയുടെ വിശ്വാസം തകർക്കാൻ കഴിയില്ല. അഭിപ്രായങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി സിപിഐക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

