തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പ്രതിഷേധം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, സംസ്ഥാനത്ത് ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിനും നേതാക്കള്‍ക്കും സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചു. പിഎഫ്ഐക്കെതിരെ നടത്തിയ റെയ്ഡില്‍ അവര്‍ ചില ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായ വിവരങ്ങള്‍ ലഭിച്ചത് കണക്കിലെടുത്താണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

