തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ വിശദമായ വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. വർഗീയത ചെറുക്കണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎഫ്‌ഐക്കെതിരെ നിലപാടെടുക്കുമ്പോൾ അതേ പ്രവർത്തി ചെയ്യുന്ന ആർഎസിനെതിരെയും നടപടി വേണം. അക്രമങ്ങൾ അവസാനിപ്പിക്കാൻ ആർഎസ്എസും തയ്യാറാകണം. നിരോധനം ഒന്നിനും പരിഹാരം അല്ല. വർഗ്ഗീയതയും തീവ്രവാദവും ഉൾപ്പെടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും നിയമം ഒരു പോലെ ബാധകമാകണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തവണ ആർഎസ്എസ് നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് ആർഎസ്എസ് നിരോധിക്കണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം. നിരോധനം ഒന്നിനും പരിഹാരമല്ല, രാഷ്ട്രീയമായ ഒറ്റപ്പെടുത്തലാണ് പരിഹാരം. പിഎഫ്‌ഐക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ജനം വിലയിരുത്തുമെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

