നിയമസഭാ കയ്യാങ്കളി കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് ഇ പി ജയരാജൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റം നിഷേധിച്ച് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷമാണ് ജയരാജൻ കുറ്റം നിഷേധിച്ചത്. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്നാണ് ജയരാജൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

അന്നത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് സ്പീക്കറും സർക്കാരും ശ്രമിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. കേസിലെ കേസിലെ മൂന്നാം പ്രതിയാണ് ജയരാജൻ. ഇ പി ജയരാജൻ ഒഴികെയുള്ള കേസിലെ പ്രതികളെല്ലാം നേരത്തെ കോടതിയിൽ ഹാജരായിരുന്നു. കേസിലെ കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചിരുന്നു. എന്നാൽ, പ്രതികൾ കുറ്റം നിഷേധിക്കുകയായിരുന്നു.

2015 മാർച്ച് 13 ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബഡ്ജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു.

അതേസമയം, നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തുടങ്ങാൻ ഒരു മാസത്തെ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച രേഖകളും ദൃശ്യങ്ങളും പ്രതികൾക്ക് കൈമാറേണ്ടതുണ്ട്. ദ്യശ്യങ്ങളും രേഖകളും കൈമാറാൻ സമയം വേണമെന്ന് കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം 26 നാണ് കേസ് വീണ്ടും പരിഗണിക്കുക.