കോട്ടയം: മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ലെന്ന് അദ്ദേഹം ആരോപിച്ചു. സ്വർണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും വർധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ ബിജെപി പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ്. അഴിമതി മുക്തമായ വികസനം ഉറപ്പാക്കാൻ കേരളം ബിജെപിക്കൊപ്പം നിൽക്കണമെന്ന് നദ്ദ കൂട്ടിച്ചേർത്തു. പദ്ധതി ഗുണഭോക്താക്കളായ അഞ്ഞൂറു പേർക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം എന്ന നിലയിൽ സീലിംഗ് ഫാനുകളും അദ്ദേഹം സമ്മാനിച്ചു.

