ജൂനിയർ റസിഡന്റ് നിയമനം; ശമ്പളം 52000 രൂപ

മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലെ ഡെന്റൽ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ്. ബിരുദധാരികളായ ഉദ്യോഗാർഥികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 52000 രൂപ വേതന നിരക്കിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള അപേക്ഷ സെപ്തംബർ 24ന് വൈകിട്ട് അഞ്ചിനകം hresttgmcm@gmail.comൽ വിലാസത്തിൽ ലഭ്യമാക്കണം.

അപേക്ഷയിൽ മൊബൈൽ നമ്പറും, ഇ മെയിലും നിർബന്ധമായും ചേർക്കണം. ഓറൽ ആൻഡ് മാക്‌സിലോ ഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.

അതേസമയം, തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്തു പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും സെറ്റും യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 27നു രാവിലെ 10 ന് സർക്കാർ വനിതാ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.