ന്യൂഡൽഹി: മുതിർന്ന നേതാവ് ശശി തരൂർ എഐസിസി ആസ്ഥാനത്ത്. കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് ശശി തരൂർ എഐസിസി ആസ്ഥാനത്തെത്തിയത്. വോട്ടർ പട്ടിക പരിശോധിക്കാനാണ് അദ്ദേഹം എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദ്ദേശമാണ് ശശി തരൂർ മുന്നോട്ട് വെക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്നാണ് ശശി തരൂരിന്റെ നിലപാട്. ശശി തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നുമാണ് എഎൈസിസി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.
സോണിയ ഗാന്ധിയെ കണ്ടപ്പോൾ തരൂർ മൂന്ന് നിർദ്ദേശങ്ങൾ വച്ചു എന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷനാകുക. എന്നതാണ് ഇതിൽ ഒന്നാമത്തേത്. രാഹുൽ തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധി ഇതേറ്റെടുക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. രണ്ട് പേരും തയ്യാറല്ലെങ്കിൽ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണമെന്നായിരുന്നു മൂന്നാമത്തെ ആവശ്യം.
അതേസമയം, ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിർണായക നീക്കങ്ങൾ നടത്തുന്നുണ്ട്. സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം. ചൊവ്വാഴ്ച വൈകുന്നേരം രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരുടെ യോഗവും അദ്ദേഹം വിളിച്ചു ചേർത്തിരുന്നു. ബുധനാഴ്ച ഡൽഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും അദ്ദേഹം രാഹുലിനെ കാണാൻ വേണ്ടി കൊച്ചിയിലെത്തുന്നത്.

