ബംഗളുരു: കേരളത്തെയും കര്ണാടകയെയും തമ്മില് ബന്ധിപ്പിക്കുന്ന നിര്ദിഷ്ട സെമി ഹൈ സ്പീഡ് റെയില് പദ്ധതി മംഗളൂരു വരെ നീട്ടാന് അനുവദിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യര്ഥിച്ചെങ്കിലും കര്ണാടക മുഖ്യമന്ത്രി ആവശ്യം നിരസിച്ചതായി റിപ്പോര്ട്ട്.
‘കാസര്ഗോഡ് മുതല് ദക്ഷിണ കന്നഡ വരെയും തലശ്ശേരി മുതല് മൈസൂര് വരെയും ബന്ധിപ്പിക്കാന് ലക്ഷ്യം വെക്കുന്ന പാത കടന്നുപോവുക പരിസ്ഥിതി ദുര്ബല പ്രദേശത്ത് കൂടിയാണ്. ഈ മേഖലയില് ദേശീയ കടുവ സങ്കേതവും ആനകളുടെ ആവാസപ്രദേശങ്ങളുണ്ട്. ഈ പദ്ധതിയോട് ഒരുവിധത്തിലും സഹകരിക്കാന് സാധിക്കില്ലെന്ന് കേരള മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്,’-കര്ണാടക മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിന്റെ മുഖഛായ തന്നെ മാറ്റാന് ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് ഇടത് സര്ക്കാരിന്റെ അവകാശ വാദം. 63941 കോടി രൂപ ചെലവ് കരുതുന്ന പദ്ധതി വടക്കന് കേരളവും തെക്കന് കേരളവും തമ്മിലുള്ള യാത്രാസമയം കുറയ്ക്കുമെന്ന് സര്ക്കാര് പറയുന്നു. നിലവില് 10 മുതല് 12 മണിക്കൂര് വരെ എടുക്കുന്നത് 4 മണിക്കൂറായി കുറയ്ക്കാന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്, ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങള് പദ്ധതി മൂലം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രതിപക്ഷ പാര്ട്ടികളെല്ലാം തന്നെ ഒറ്റക്കെട്ടായി പദ്ധതിയെ എതിര്ക്കുന്നുണ്ട്.

