ന്യൂഡൽഹി: ബിജെപിയ്ക്കെതിരെ ആരോപണങ്ങളുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് എഎപിയെ തകർക്കാൻ ബിജെപി സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആംആദ്മി പാർട്ടി മന്ത്രിമാരെയും നേതാക്കളെയും കള്ള അഴിമതിക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കെജ്രിവാൾ വ്യക്തമാക്കി. എഎപിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ആംആദ്മിയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ ബിജെപിയെ പടിച്ചുകുലുക്കിയിരിക്കുകയാണെന്ന് കെജ്രിവാൾ അറിയിച്ചു. തങ്ങൾ ഗുജറാത്തിൽ സർക്കാർ ഉണ്ടാക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ എഎപിയുടെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഹിരൺ ജോഷി നിരവധി ടെലിവിഷൻ ചാനലുകളുടെ ഉടമകളെയും എഡിറ്റർമാരെയും ഭീഷണിപ്പെടുത്തിയിരുന്നു. ഹിരൺ ജോഷിയുടെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഈ എഡിറ്റർമാർ പങ്കുവെച്ചാൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകനും തൽസ്ഥാനങ്ങളിൽ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യസന്ധതയില്ലാത്ത, അഴിമതിക്കാരനും രാജ്യദ്രോഹിയുമായ ഒരാൾക്കു മാത്രമേ ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ നല്ലതല്ലെന്ന് പറയാൻ കഴിയൂ. ജനങ്ങൾക്കു നൽകുന്ന സൗജന്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞാൽ, അയാൾക്ക് തെറ്റായ ഉദ്ദേശ്യമുണ്ടെന്നു വേണം കരുതാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

