കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ചത് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണെന്ന ആരോപണവുമായി സിപിഎം നേതാവ് എം വി ജയരാജൻ. പ്രാദേശിക ആർഎസ്എസ് നേതാവിന്റെ വീട്ടിലായിരുന്നു സന്ദർശനം. ചരിത്ര കോൺഗ്രസിലും പ്രോട്ടോക്കോൾ ലംഘിച്ചത് ഗവർണർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്ര കോൺഗ്രസിൽ ന്യൂനപക്ഷത്തിനെതിരെ സംസാരിച്ചയാളാണ് ഗവർണർ. ന്യൂനപക്ഷങ്ങൾക്കെതിരെ സംസാരിക്കുന്ന മോഹൻ ഭാഗവതിനെയാണ് ഗവർണർ കണ്ടതെന്ന് അദ്ദേഹം അറിയിച്ചു. ഗവർണർ ആർഎസ്എസുകാരനാണ്. ഗവർണർക്ക് നല്ലത് മോഹൻ ഭാഗവതിന്റെ ഉപമേധാവിയായി പ്രവർത്തിക്കുന്നതാണ്. ആർഎസ്എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവർണറുടെ നയം വ്യക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിക്കുകയാണ് ഗവർണർ. മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നുവെന്നും കണ്ണൂർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ ഞായറാഴ്ച്ച പുറത്തുവിടും. ഗവർണക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷണം നടത്താനെന്നും അദ്ദേഹം ചോദിക്കുന്നു. സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

