കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്ത്ത് സഹതാപം മാത്രമേയുള്ളൂവെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന സര്ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള തെളിവുകള് നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. സര്വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തനിക്കയച്ച രണ്ട് കത്തുകള് മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
‘സര്വകലാശാലകളുടെ പ്രവര്ത്തനങ്ങളില് ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പ് നല്കിയത് മുഖ്യമന്ത്രിയാണ്. എന്നാല്, അദ്ദേഹത്തിന്റെ നേതൃത്വത്തില് ഇപ്പോള് പൂര്ണമായും സ്വതന്ത്ര നിലനില്പ്പിനെ ചോദ്യം ചെയ്ത് സര്വകലാശാലകളെ ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേരളത്തില് മാത്രമാണ് മന്ത്രിമാരുടെ പഴ്സണല് സ്റ്റാഫിലുള്ളവര്ക്ക് പെന്ഷന് നല്കുന്ന സമ്പ്രദായമുള്ളത്. രണ്ട് വര്ഷം ജോലി ചെയ്തവര്ക്ക് പെന്ഷന് എന്നത് കൊള്ളയടിയാണ്. അതിന് കൂട്ടുനില്ക്കാനാകില്ല. രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ നടക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര് അന്വേഷിക്കട്ടെ. ഞാന് ഇവിടെ എത്തിയത് ജനങ്ങളെ സേവിക്കാനാണ്. എനിക്ക് പറയാനുള്ള കാര്യങ്ങള് പറയുകതന്നെ ചെയ്യും. പറയാതെ മിണ്ടാതിരിക്കുന്ന പ്രശ്നമില്ല’- ഗവര്ണര് ചൂണ്ടിക്കാട്ടി.

