ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസിൽ സുപ്രീം കോടതിയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. രൂപേഷിനെതിരെ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന ഹർജി പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകി. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്ന് കേസുകളിൽ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ പുതിയ അപേക്ഷ നൽകിയത്.
തിങ്കളാഴ്ച ജസ്റ്റിസ് എം ആർ ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അപേക്ഷ പരിഗണിക്കും. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്. 2013 ൽ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ൽ വളയം പൊലീസ് സ്റ്റേഷനിൽ ഒരു കേസിലുമാണ് യുഎപിഎ ചുമത്തിയിട്ടുള്ളത്. തുടർന്ന് രൂപേഷ് ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ ഹൈക്കോടതി സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ രൂപേഷിന് അനുകൂല ഉത്തരവുകൾ പുറപ്പടുവിച്ചു. യുഎപിഎ അതോറിറ്റിയിൽ നിന്ന് പ്രോസിക്യുഷൻ അനുമതി കൃത്യ സമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്.
ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി യുഎപിഎ വകുപ്പുകൾ പുനസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. ഹർജി പരിഗണിച്ച ജസ്റ്റിസ് എം ആർ ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സർക്കാരിനോട് നിലപാട് തേടി. സെപ്തംബർ 19നകം മറുപടി നൽകണമെന്നായിരുന്നു നിർദ്ദേശം. ഇത് പാലിച്ചാണ് മുൻ നിലപാട് തിരുത്തി സർക്കാർ അപേക്ഷ നൽകിയത്.

