ലോക റെസ്ലിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് വെങ്കലം

ബെല്‍ഗ്രേഡ്: ലോക റെസ്ലിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലവുമായി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. സ്വീഡന്റെ ജോന മാല്‍മ്രെനോഫിനെ പ്ലേ ഓഫില്‍ 8-0 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് ഫോഗട്ട് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയത്. 53 കിലോ വിഭാഗത്തിലാണ് നേട്ടം.

കാല്‍മുട്ടിനേറ്റ പരിക്ക് വകവെക്കാതെയായിരുന്നു ഫോഗട്ട് മത്സരിച്ചത്. ഒരു ഘട്ടത്തില്‍ വേദന പ്രകടനത്തെ ബാധിക്കും എന്ന തോന്നലുണ്ടായി എങ്കിലും, വേദനയെ അവഗണിച്ച് പൊരുതിയ ഫോഗട്ട് ഒടുവില്‍ മെഡല്‍ സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന് ശേഷം വേദന സഹിക്കാനാകാതെ കോച്ചിന്റെ ചുമലില്‍ താങ്ങിയാണ് ഫോഗട്ട് മടങ്ങിയത്. 2019ലെ ലോക റെസ്ലിംഗ് ചാംപ്യന്‍ഷിപ്പിലും വിനേഷ് ഫോഗട്ട് വെങ്കലം നേടിയിരുന്നു. രണ്ട് ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ റെസ്ലറാണ് ഫോഗട്ട്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിനേഷ് ഫോഗട്ട് ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയിരുന്നു.