സർവകലാശാലകളുടെ സ്വയംഭരണാവകാശം ലഘൂകരിക്കാൻ അനുവദിക്കില്ല; വീണ്ടും സർക്കാരിനോട് ഇടഞ്ഞ് ഗവർണർ

കോട്ടയം: സംസ്ഥാന സർക്കാരുമായി വീണ്ടും പോരിനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ഇടഞ്ഞ് തന്നെ നിൽക്കുകയാണ് ഗവർണർ. സർവകലാശാലകളുടെ സ്വയംഭരണാവകാശം ലഘൂകരിക്കാൻ അനുവദിക്കില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.

സ്വയംഭരണത്തിൽ വെള്ളം ചേർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റബ്ബർ സ്റ്റാമ്പായി പ്രവർത്തിക്കാനില്ലെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യോഗ്യതയില്ലാത്ത ബന്ധുക്കൾക്ക് സർവ്വകലാശാലകളിൽ നിയമനം നൽകാൻ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്റ്റാഫിന്റെ ബന്ധുവിനെ നിയമിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

ഏത് നിയമം കൊണ്ടുവരാനും ബില്ലുകൾ അവതരിപ്പിക്കാനും ജനാധിപത്യ സർക്കാരിന് അവകാശമുണ്ട്. എന്നാൽ അത് നിയമമാകണമെങ്കിൽ താൻ ഒപ്പിടണം. തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ല. രാഷ്ട്രീയായി സർവകലാശാലകളെ കയ്യടക്കാൻ അനുവദിക്കില്ല. ചാൻസലർ സ്ഥാനം ഒഴിയാൻ തയ്യാറായപ്പോൾ തീരുമാനത്തിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകൾ അയച്ചിരുന്നു. അതിലെല്ലാം തന്നെ സർക്കാരിനും ചില ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. ഉത്തരവാദിത്തം മുഴുവനായി എടുത്തുകൊള്ളൂവെന്നാണ് താൻ പറയുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.