തിരുവനന്തപുരം: പേവിഷ വാക്‌സിന്റെ ഗുണനിലവാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി. കേരളം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് റിപ്പോര്‍ട്ട് തേടിയത്. പേവിഷ വാക്‌സിന്‍ ദേശീയ ഡ്രഗ്‌സ് ലബോറട്ടറിയില്‍ പരിശോധിക്കും. വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പറയാനാവില്ല. പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടും മരണമുണ്ടായ സാഹചര്യത്തില്‍ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. സാമ്ബിള്‍ സംഘം പരിശോധിച്ചു. 15 ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് സൂചന. മരിച്ചവര്‍ക്ക് നല്‍കിയ വാക്‌സിന്‍ ഡോസ്, പട്ടി കടിയേറ്റ ശരീരഭാഗം എന്നിവ പരിശോധിക്കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പാലക്കാട് 26 പേരാണ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഇത്രയും പേര്‍ പട്ടികടിയേറ്റ് ചികിത്സ തേടിയത്. പാലക്കാട് മേപ്പറമ്ബ് സ്വദേശി നെതറിനെ തെരുവ് നായ കടിച്ചു. മേപ്പറമ്ബ് നെല്ലിക്കാട് മദ്രസയില്‍ പോയ കുട്ടികള്‍ക്ക് നേരെ തെരുവ് നായ കുതിച്ചെത്തിയപ്പോള്‍ കുട്ടികളെ രക്ഷിക്കാന്‍ ചെന്നതായിരുന്നു നെതര്‍. കുട്ടികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇയാളെ തെരുവ് നായ കടിച്ചത്. നെന്മാറയിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിക്കും കടിയേറ്റു. അനശ്വര എന്ന കുട്ടിക്കായിരുന്നു സ്‌കൂളിലേക്ക് വരുന്ന വഴി തെരുവ് നായയുടെ കടിയേറ്റത്. തോട്ടട സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുമ്ബില്‍ വെച്ച് അദ്ധ്യാപകനായ ബാബുവിന് നേര്‍ക്കും തെരുവ് നായ ആക്രമണമുണ്ടായി. കണ്ണൂരിലെ ചാലയില്‍ ഇന്ന് പേ വിഷബാധയേറ്റ് ഒരു പശു ചത്തു. കഴിഞ്ഞ ദിവസം മുതല്‍ അസ്വസ്ഥതകള്‍ കാട്ടിത്തുടങ്ങിയ പശു ഇന്ന് രാവിലെയോടെ ചാകുകയായിരുന്നു. പശുവിന് എങ്ങനെ പേ വിഷബാധയുണ്ടായി എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂരില്‍ തന്നെ തെരുവ് നായക്കൂട്ടം കുറുകെ ചാടി നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷ മറിഞ്ഞിരുന്നു. ഡ്രൈവര്‍ അടക്കം നാലുപേര്‍ക്ക് പരിക്കു പറ്റി. കണ്ണൂര്‍ ഇരിട്ടിയിലായിരുന്നു സംഭവം. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. എബിസി പദ്ധതിക്കായാണ് ഡോക്ടര്‍മാരെ നിയമിക്കുന്നത്. ഒഴിവുള്ള പഞ്ചായത്തുകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നിയമനം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

