തിരുവനന്തപുരം. ഇത്തവണ മലയാളി വാശിയോടെ ഓണം ആഘോഷിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുറച്ചുകാലമായി കോവിഡ് വൈറസ് വ്യാപനം എല്ലാത്തിനും തടസം നിന്നിരുന്നു. യാത്ര ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. അതുകൊണ്ട് ഇത്തവണ ഒരു പ്രതികാര മനോഭാവത്തോടെയാണ് മലയാളി ഓണമാഘോഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത്തവണ ഓണം ആഘോഷിക്കണമെന്നും തകർപ്പൻ ആകണമെന്നും ഓരോ മലയാളിയും തീരുമാനിച്ചു. അതാണ് റിവഞ്ച് ഓണാഘോഷമെന്ന് വിശേഷിപ്പിക്കാൻ കാരണം. ഒരു സാമൂഹ്യപ്രവർത്തകനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷമുണ്ടാവുക ജനങ്ങളുടെ സന്തോഷം കാണുമ്പോഴാണ്. അതാണ് ഈ ഓണം വേളയിൽ തനിക്ക് അനുഭവപ്പെട്ടത്. രണ്ടുമാസം മുൻപെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ മികച്ച ആസൂത്രണത്തോടെ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വിശദമാക്കി.
ആഭ്യന്തര സഞ്ചാരികളുടെ വരവിന്റെ കാര്യത്തിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട്, കാസർകോട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ഈ അഞ്ച് ജില്ലകളിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് ഉയരത്തിലെത്തി. ഈ ജില്ലകൾ രൂപീകരിച്ചശേഷമുള്ള സർവ്വകാല റെക്കോഡാണിത്. എറണാകുളവും തിരുവനന്തപുരവും അതിന്റെ മുൻ റെക്കോഡിന്റെ രണ്ടാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

