ഏഷ്യാകപ്പ്: പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാന്‍ താരം

ഏഷ്യാകപ്പിലെ പാകിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ വൈകാരിക ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഷദാബ് ഖാന്‍. പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും ഷദാബ് ഏറ്റെടുത്തു.

‘ക്യാച്ചുകള്‍ മത്സരം വിജയിപ്പിക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ എന്റെ ടീമിന്റെ വീഴ്ചയ്ക്ക് കാരണമായി. നസീം ഷാ, ഹാരീസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവരുടെ പ്രകടനം ടീമിന് മുതല്‍ക്കൂട്ടാണ്. ബോളിങ് നിര മികവ് കാണിച്ചു. മുഹമ്മദ് റിസ്വാന്‍ പോരാടി, മുഴുവന്‍ ടീമംഗങ്ങളും പരമാവധി ശ്രമിച്ചു. ശ്രീലങ്കയ്ക്ക് അഭിനന്ദനങ്ങള്‍,’ ഷദാബ് കുറിച്ചു.

‘ശ്രീലങ്കയെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. മികച്ച പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. ആദ്യം ഞങ്ങള്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും അവര്‍ പിന്നീട് തിരിച്ചുവരവ് നടത്തി. ബാറ്റിങ് യൂണിറ്റിന്റെ വ്യാപ്തിക്കനുസരിച്ച് കളിക്കാന്‍ ഞങ്ങള്‍ക്കായില്ല. ഞങ്ങളുടെ ഫീല്‍ഡിങ് മികച്ചതായിരുന്നില്ല, നല്ല രീതിയില്‍ ഫിനിഷ് ചെയ്യാന്‍ മധ്യനിരയ്ക്ക് കഴിയാതെ പോയി. പക്ഷെ ഒന്നിലധികം വ്യക്തിഗത പ്രകടനങ്ങളുണ്ടായി, റിസ്വാന്‍, ഷദാബ്, നവാസ്, നസീം. ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും, തെറ്റുകള്‍ കുറച്ച് മുന്നോട്ട് പോവുക എന്നതാണ്,’ ഫൈനലിന് ശേഷം പാക് നായകന്‍ ബാബര്‍ അസം വ്യക്തമാക്കി.