ലക്നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ 2024 ലെ മകര സംക്രാന്തി ദിനത്തില്‍ നടത്താന്‍ ഫൈസാബാദ് സര്‍ക്യൂട്ട് ഹൗസില്‍ നടന്ന ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ യോഗത്തില്‍ തീരുമാനമായി. 2023 ഡിസംബറോടെ ശ്രീകോവിലിന്റെയും ക്ഷേത്രത്തിന്റെ ഒരു നിലയുടെയും നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് സൂചന.
അതേസമയം, 2023 ഡിസംബറോടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 2024 ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ശ്രീരാമനെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുമെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് അറിയിച്ചു. ക്ഷേത്രത്തിന്റെ പരിസരപ്രദേശത്ത് ഏഴ് ഉപദേവതാ ക്ഷേത്രങ്ങള്‍ കൂടി നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായി. രാമായണ കഥയുമായി ബന്ധപ്പെട്ട മൂര്‍ത്തികള്‍ക്കും ഋഷിമാര്‍ക്കും വേണ്ടിയും ആരാധനാകേന്ദ്രങ്ങള്‍ നിര്‍മ്മിക്കും.
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണച്ചെലവ് ഏകദേശം 1800 കോടി രൂപയോളം വരുമെന്നാണ് ട്രസ്റ്റിന്റെ കണക്കുകൂട്ടല്‍. ക്ഷേത്രത്തിന്റെ 40 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലവില്‍ പൂര്‍ത്തിയായി.

