വൻ ജനക്കൂട്ടം കാത്തുനിന്നിട്ടും രാഹുൽ ഗാന്ധി എത്തിയില്ല; ക്ഷമാപണം നടത്തി കെ സുധാകരൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെത്തിയില്ല. സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് വലിയ നാണക്കേടായിരിക്കുകയാണ് സംഭവം. ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെ ഇ മാമന്റെയും ബന്ധുക്കളും കെപിസിസി അധ്യക്ഷൻ കെ സുധാകരനും യുഡിഎഫ് കൺവീനർ എംഎം ഹസനും, ശശി തരൂരും അടക്കമുള്ള നേതാക്കൾ ചടങ്ങിൽ എത്തിയിട്ടും രാഹുൽ ഗാന്ധി പങ്കെടുക്കാത്തത് കോൺഗ്രസിന് വലിയ ക്ഷീണമായി. വൻ ജനക്കൂട്ടവും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

സ്ഥലത്തിന് മുന്നിലൂടെ ജാഥയിൽ നടന്നു പോയിട്ടും രാഹുൽ ഗാന്ധി ഉദ്ഘാടനത്തിന് എത്തിയില്ല. സംഭവത്തിൽ ശശി തരൂർ ഉൾപ്പെടെ പ്രതിഷേധം അറിയിച്ചു. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്ന് ശശി തരൂർ സുധാകരനോട് തുറന്നുപറഞ്ഞു. ഒടുവിൽ നിംസ് എം ഡിയുടെ കൈ പിടിച്ച് കെ പി സി സി അധ്യക്ഷൻ ക്ഷമാപണം നടത്തുന്ന വീഡിയോയും മാദ്ധ്യമങ്ങൾ പുറത്തു വന്നു.

അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെഇ മാമന്റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിൻകര നിംസിൽ നിർമിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.