സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേസുകള്‍ അതിന്റെ പരിധിയില്‍പെടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. അഭിഭാഷകനായ കിര്‍തിമാന്‍ സിങ് ആയിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായത്.

‘കോടതിയുടെ ഉത്തരവ് പ്രകാരം ഞങ്ങള്‍ പരിശോധിച്ചു. ഭേദഗതി കൊണ്ടുവരും, എന്നാല്‍ അത് എപ്പോഴാണെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. ഇത് വരാനിരിക്കുന്ന കാര്യങ്ങളിലുള്ള മാറ്റമായിരിക്കും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല, നിലവിലുള്ള കേസുകള്‍ ഇപ്പോഴുള്ള നിയമത്തിന്റെ പരിധിയില്‍ വരും’- കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, നിലവിലുള്ള സംവിധാനം ഉപയോഗിച്ച് പരാതികളും സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതും എന്തുകൊണ്ട് കൈകാര്യം ചെയ്യുന്നില്ല? ഏതൊരു കേസും ഉണ്ടാക്കുന്ന ആഘാതത്തെക്കിറിച്ച് മനസ്സിലാക്കണമെന്നും കോടതി മറുപടി നല്‍കി. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹര്‍ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പരിഗണിക്കുന്നതിനിടെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.