ഓണക്കാലം; വാഹന പരിശോധന കടുപ്പിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും, ഇത്തരക്കാർക്ക് പണി ഉറപ്പ്

ആലപ്പുഴ: ഓണക്കാലത്ത് ആലപ്പുഴ ജില്ലയിൽ വാഹന പരിശോധന കടുപ്പിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും. അമിത വേഗം, ഹെൽമെറ്റ്, ലൈസൻസ്, സീറ്റ് ബെൽറ്റ്, ഇൻഷ്വറൻസ്, ടാക്സ്, പെർമിറ്റ് എന്നിവയ്ക്കാണ് പിഴ ചുമത്തുന്നത്. മുൻ വർഷത്തേക്കാൾ അപകടനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന കടുപ്പിക്കുന്നത്. എല്ലാ സ്റ്റേഷൻ പരിധിയിലും മൂന്നിലധികം സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന .

ദേശീയപാതയിലും ഗ്രാമീണ റോഡുകളിലും ഹൈവേ പോലീസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്. പൊലീസ് ഇന്റർസെപ്ടർ വാഹനങ്ങളും വാഹന പരിശോധനക്ക് സജ്ജമായിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ 11 സ്‌ക്വാഡുകളാണ് അവധി ദിവസങ്ങളിലും പരിശോധന നടത്തുന്നത്. ജോയിന്റ് ആർടിഒമാരും എൻഫോഴ്‌സ്‌മെന്റുമാണ് പരിശോധന നടത്തുന്നത്.

അതേസമയം, എൻഫോഴ്‌സ്‌മെന്റിന്റെ അഞ്ചുമാസത്തെ അവലോകനത്തിൽ പിഴ ചുമത്തുന്നതിൽ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴ. 1798 കേസുകളിലായി ഒന്നരക്കോടിയോളം രൂപയാണ് കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ വാഹന പരിശോധനയിൽ ജില്ലയിൽ പിഴ ഈടാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.