ന്യൂഡൽഹി: രാജ്പഥിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. കർത്തവ്യപഥ് എന്നാണ് രാജ്പഥിന്റെ പേര് കേന്ദ്ര സർക്കാർ മാറ്റി നിശ്ചയിച്ചത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗം ഇനി മുതൽ കർത്തവ്യപഥ് എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്.
പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായ പാതയാണിത്. റിപ്പബ്ലിക് ദിന പരേഡ് ഈ പാതയിലൂടെയാണ് കടന്നു പോകാറ്. നവീകരണം നടത്തിയ സെൻട്രൽ വിസ്ത അവന്യുവിന്റെ ഉദ്ഘാടനം ഉടൻ നിർവ്വഹിക്കാനിരിക്കെയാണ് രാജ്പഥിന്റെ പേര് കേന്ദ്ര സർക്കാർ മാറ്റിയത്. സെപ്തംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സെൻട്രൽ വിസ്ത അവന്യു ഉദ്ഘാടനം ചെയ്യുന്നത്.
കിംഗ് ജോർജ്ജ് അഞ്ചാമന്റെ കാലത്താണ് ഈ പാതയ്ക്ക് കിംഗ്സ് വേ എന്ന് പേര് നൽകിയത്. സ്വാതന്ത്ര്യത്തിന് ശേഷം കിംഗ്സ് വേ അതിന്റെ ഹിന്ദി മൊഴിമാറ്റമായ രാജ്പഥായി മാറി. പേരിലെ ഈ ബ്രിട്ടീഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേര് നൽകിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സെപ്തംബർ 8 മുതൽ പുതിയ പേര് നിലവിൽ വരും.

