തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും വാളയാർ പെൺകുട്ടികളുടെ അമ്മയും. ഇരുവരും തിരുവനന്തപുരത്തെത്തി. കേസിൽ കേന്ദ്രസഹായം വേണമെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മ ഉന്നയിക്കുന്ന ആവശ്യം. കേരളത്തിന് പുറത്തുള്ള സിബിഐ സംഘം കേസ് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. തങ്ങൾക്ക് മാത്രമായി ഒരു അഭിഭാഷകൻ വേണമെന്നും ഇക്കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുമെന്നും ഇവർ വെളിപ്പെടുത്തി.
ഇനിയൊരു കുടുംബവും ഇങ്ങനെ തെരുവിൽ അലയാൻ പാടില്ല. അനുകൂല നിലപാട് ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം മധുവധക്കേസിൽ കേന്ദ്ര സഹായം വേണമെന്നാണ് മധുവിന്റെ അമ്മയുടെ ആവശ്യം. സാക്ഷികൾ കൂറുമാറുന്ന സാഹചര്യത്തിൽ കേസിൽ കേന്ദ്രസഹായം വേണമെന്നാണ് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെടുന്നത്.
കേസിലെ സാക്ഷികൾ കൂറുമാറുന്ന സാഹചര്യമുണ്ടെന്ന് ഇവർ അമിത് ഷായെ അറിയിക്കും. സതേൺ സോണൽ കൗൺസിലിന് ശേഷം വൈകീട്ടോടെ അമിത് ഷായെ കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഇരുവരും തിരുവനന്തപുരത്തെത്തിയിട്ടുള്ളത്.

