ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റോടെ വിരമിക്കല്‍ പ്രഖ്യാപിച്ച അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് ആദ്യ റൗണ്ടില്‍ ജയം. വനിതാ സിംഗിള്‍സില്‍ മോണ്ടെനെഗ്രോയുടെ ഡാങ്ക കോവിനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-3) പരാജയപ്പെടുത്തി സെറീന രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ആറ് തവണ യുഎസ് ഓപ്പണ്‍ നേടിയ സെറീനയുടെ 14 ടൂര്‍ണമെന്റുകളില്‍ നിന്നുള്ള 107-ാമത്തെ ജയം കൂടിയായിരുന്നു ഇത്. താരത്തിന്റെ 41-ാം ജന്‍മദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ നേട്ടം.
പുരുഷ സിംഗിള്‍സില്‍ ഗ്രീസിന്റെ ലോക അഞ്ചാം നമ്ബര്‍ താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ആദ്യ റൗണ്ടില്‍ കൊളംബിയയുടെ ഡാനിയല്‍ ഇലാഹി ഗാലനോട് തോറ്റ് പുറത്തായി. നാല്‍ സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 0-6, 1-6, 6-3, 5-7 എന്ന സ്‌കോറിനാണ് അദ്ദേഹം പരാജയപ്പെട്ടത്. ഡാനിയേല്‍ ഇലാഹിയാണ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്.

