ലങ്കാദഹനം; ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ ലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി വിജയം. ലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 10 ഓവറുകള്‍ കൊണ്ട് അഫ്ഗാന്‍ മറികടന്നു. 59 പന്തുകള്‍ ബാക്കിയിരിക്കെയായിരുന്നു അഫ്ഗാന്റെ ജയം.

ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസായും റഹ്മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് നേടിയ 83 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഫ്ഗാന് ജയം അനായാസമാക്കിയത്. സസായ് 37 റണ്‍സ് നേടി പുറത്താകാതെ നിന്നു. റഹ്മാനുള്ള 40 റണ്‍സ് നേടി ഡിസില്‍വയുടെ പന്തില്‍ പുറത്തായി. ഇബ്രാഹീം സദ്രാന്‍ 15 റണ്‍സ് നേടി. മൂന്ന് ഓവറില്‍ മൂന്ന് റണ്‍സ് ശരാശരിയില്‍ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ പിഴുത ഫസല്‍ഹഖ് ഫാറൂഖിയാണ് മത്സരം ലങ്കയുടെ കയ്യില്‍ നിന്ന് വഴിതിരിച്ചുവിട്ടത്.

ആദ്യ ഓവറില്‍ അടുപ്പിച്ച രണ്ട് പന്തുകളില്‍ ഫസല്‍ഹഖ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മത്സരത്തിന്റെ ഒരുഘട്ടത്തിലും ലങ്കക്ക് കരകയറാനായില്ല. നാലാം വിക്കറ്റില്‍ രാജപക്സയും ഗുണതിലകയും ചേര്‍ന്ന് നേടിയ 44 റണ്‍സിന്റെ കൂട്ടുകെട്ട് നേടി. 38 റണ്‍സ് നേടിയ രാജപക്സയാണ് ടോപ്സ്‌കോറര്‍. ഗുണതിലക 17 റണ്‍സ് നേടി. അവസാന വിക്കറ്റില്‍ കരുണരത്ന മധുശങ്കക്കൊപ്പം നേടിയ 30 റണ്‍സിന്റെ കൂട്ടുകെട്ടാണ് ലങ്കന്‍ സ്‌കോര്‍ 100 കടത്തിയത്. 31 റണ്‍സെടുത്ത കരുണരത്നയുടെയും വിക്കറ്റ് ഫാറൂഖിയാണ് പിഴുതത്. ഓപ്പണര്‍മാരായ നിസന്‍ക മൂന്ന് റണ്‍സിനും മെന്‍ഡിസ് രണ്ട് റണ്‍സിനും പുറത്തായി. ചരിത് അസലങ്കക്കും തീക്ഷണയ്ക്കും ക്യാപ്റ്റന്‍ ദാസുന്‍ ഷനാകയ്ക്കും അക്കൗണ്ട് തുറക്കാനേ കഴിഞ്ഞില്ല. മൂന്ന് ബാറ്റ്സ്മാന്‍മാരും പൂജ്യം റണ്‍സിന് പവലിയനിലെത്തി. അസലങ്ക ഫാറൂഖിക്ക് മുന്നില്‍ വീണപ്പോള്‍ ക്യാപ്റ്റന്‍ ഷനാകയെ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി തന്നെ വീഴ്ത്തി.