ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സാത്വിക്-ചിരാഗ് സഖ്യത്തിന് വെങ്കലം

ടോക്കിയോ: ലോകബാഡ്മിന്റണില്‍ ഇന്ത്യാ ചരിത്രത്തിലാദ്യമായി പുരുഷ ഡബിള്‍സില്‍ മെഡല്‍ നേട്ടം. സാത്വിക്-ചിരാഗ് സഖ്യമാണ് വെങ്കലം നേടിയത്.

സെമിയില്‍ മലേഷ്യന്‍ സഖ്യത്തോട് തോറ്റെങ്കിലും വെങ്കലം ഉറപ്പാക്കുകയായിരുന്നു. 20-22, 21-18, 21-16 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ നിര മത്സരം അടിയറ വെച്ചത്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ ലോകചാമ്ബ്യന്‍ഷിപ്പ് മെഡലാണിത്.

മുന്‍പ് വനിതകള്‍ ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 2011ല്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് ഇന്ത്യയ്ക്കായി ആദ്യം ഡബിള്‍സില്‍ മെഡല്‍ നേടിയത്. സിംഗിള്‍സില്‍ എച്ച്.എസ് പ്രണോയിയുടെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചിരുന്നു. ഈ നിരാശയാണ് സാത്വിക്-ചിരാഗ് സഖ്യം മെഡല്‍ നേട്ടത്തിലൂടെ പരിഹരിച്ചത്. ലോകചാമ്ബ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ 13-ാം മെഡല്‍ നേട്ടമാണ് പുരുഷ ടീം സ്വന്തമാക്കിയത്.