സിപിഎം ഓഫീസ് ആക്രമണം; സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വിഷയത്തിൽ ആഭ്യന്തര വകുപ്പിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കേരളത്തിൽ തുടരെ തുടരെ ആക്രമണം ഉണ്ടാകുന്നുവെന്നും ഇത് എന്തിനാണ് ആരുടെ എങ്കിലും തലയിൽ കെട്ടിവയ്ക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയം ആണ്. സ്വന്തം പരാജയം മറയ്ക്കാൻ ആണ് മറ്റുള്ളവരെ പഴിചാരുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഭീകരവാദികളുമായി സന്ധി ചെയ്യുന്നുവെന്നും വി മുരളീധരൻ വിമർശിച്ചു. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ ചീഫ് വിപ്പും, കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും പങ്കെടുത്തത് അതിന് തെളിവാണ്. അച്യുതാനന്ദന്റെ കാലത്ത് പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് പോലും അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ സിപിഐഎമ്മും കോൺഗ്രസും തീവ്രവാദ സംഘടനയെ വെള്ളപൂശുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ അടക്കമുളള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.