ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാല് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യ ചൈന കമാന്‍ഡര്‍തല ചര്‍ച്ച വീണ്ടും തുടങ്ങുന്നു. ഇക്കഴിഞ്ഞ വരുന്ന ഞായറാഴ്ച്ചയാകും ഇന്ത്യയും ചൈനയും തമ്മിലുള്ള പതിനാറാമത് കോര്‍പ്‌സ് കമാന്റര്‍തല ചര്‍ച്ച നടക്കുക. ദേസ്പാങ്, പട്രോള്‍ പൊയിന്റ് 15, ചാര്‍ദിങ് നുല്ല എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാകും ചര്‍ച്ച നടക്കുക.
അതേസമയം, സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നയിടങ്ങളില്‍ നിലവില്‍ അന്‍പതിനായിരത്തിലധികം പട്ടാളക്കാരെ ഇരു രാജ്യങ്ങളും വിന്യസിച്ചിട്ടുണ്ട്. യുദ്ധ വിമാനങ്ങളും ഇവിടെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രശ്‌നബാധിത മേഖലയോട് ചേര്‍ന്ന് ചൈനീസ് യുദ്ധവിമാനം പറന്നതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദലൈയ്‌ലാമയുടെ പിറന്നാള്‍ ആഘോഷത്തില്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തതും തായ്‌വാനുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുന്നതിലും ചൈനക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലെഫ്. ജനറല്‍ അനിനിഥ്യ സെന്‍ഗുപതയാണ് ഞായറാഴ്ചയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അടുത്ത ദിവസം ടിബറ്റന്‍ ആധ്യാത്മിക നേതാവ് ദലൈലാമയുടെ ലഡാക്ക് സന്ദര്‍ശനവുമുണ്ട്.

