കേരളത്തില്‍ ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധിച്ചതായി സംശയം; രോഗിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചെന്നും മന്ത്രി വീണാ ജോര്‍ജ്‌

തിരുവനന്തപുരം: യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്ബ് കേരളത്തിലെത്തിയ ഒരാള്‍ക്ക് മങ്കിപോക്‌സ് സംശയിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്ബിളുകള്‍ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചുവെന്നും ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. രോഗിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്ബര്‍ക്കമില്ലെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഎഇയില്‍ ഇയാളുമായി അടുത്ത സമ്ബര്‍ക്കമുള്ള ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്ബര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവില്‍ മങ്കിപോക്സിനും നല്‍കുന്നത്. ഇത് 85% ഫലപ്രദമാണ്.

പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് ബാധയേറ്റാലും ലക്ഷണം കാട്ടിത്തുടങ്ങാന്‍ 6 മുതല്‍ 13 ദിവസമെടുക്കും. ഇതു 521 ദിവസം വരെ നീളാം. രോഗം 2 മുതല്‍ 4 ആഴ്ച വരെ തുടരാം. വൈറസ് ബാധയെ തുടര്‍ന്നുള്ള പാടുകള്‍ ശരീരത്തില്‍ കണ്ടു തുടങ്ങുന്നതിനു 2 ദിവസം മുന്‍പു മുതല്‍ ഇത് ഇല്ലാതാകുന്നതു വരെ വൈറസ് മറ്റുള്ളവരിലേക്കു പടരാം. മങ്കിപോക്സ് ഏറ്റവും ഗുരുതരമാകുക കുട്ടികളിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലുമുള്ളവരിലുമാണ്.