ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കിടയിലെ തര്‍ക്കം; ബിനോയ് കോടിയേരിയുടെ കേസ് മാറ്റി വെച്ചു

മുംബൈ: ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയിലെത്താതിരുന്നതിനാല്‍ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ബിനോയിയുടെയും പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിയുടെ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു.

അതേസമയം, കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ നിങ്ങള്‍ തമ്മില്‍ വിവാഹം കഴിച്ചതാണോയെന്ന് കോടതി ഇരുവരോടും ചോദിച്ചിരുന്നു. അതെ എന്ന് യുവതിയും, അല്ലെന്ന് ബിനോയിയും മറുപടി നല്‍കി. കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് കൃത്യമായ മറുപടി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍, കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയാതെ വന്നതോടെയാണ് അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാതിരുന്നതെന്നാണ് സൂചന.