തിരുവനന്തപുരം: കേരളത്തിൽ രണ്ട് പുതിയ സർക്കാർ നഴ്സിംഗ് കോളേജുകൾ തുടങ്ങുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കൊല്ലം, മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആരംഭിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയെന്ന് മന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം നഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കാനും അനുമതി നൽകി. ഓരോ നഴ്സിംഗ് കോളേജിനും 18 വീതം ആകെ 36 തസ്തികകൾ സൃഷ്ടിക്കാനാണ് അനുമതി നൽകിയത്. 2022-23 അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. നഴ്സിംഗ് കോളേജുകൾ ആരംഭിക്കുന്നതോടെ കൂടുതൽ നഴ്സുമാരെ സൃഷ്ടിക്കുന്നതിനും ഈ മെഡിക്കൽ കോളേജുകളിൽ രോഗീപരിചരണത്തിന് കൂടുതൽ പേരെ ലഭ്യമാക്കാനും സാധിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നഴ്സിംഗ് കോളേജുകൾ ആരംഭിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയോഗിച്ചിരുന്നു. ഈ സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നഴ്സിംഗ് കോളേജുകൾ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയത്. രണ്ട് മെഡിക്കൽ കോളേജുകളിലും നഴ്സിംഗ് കോളേജുകൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലവും താത്ക്കാലിക കെട്ടിടവും ലഭ്യമാണ്.
ഒന്നാം അധ്യയന വർഷത്തേയ്ക്കുള്ള തസ്തികകളാണ് സൃഷ്ടിച്ചത്. പ്രിൻസിപ്പൽ, പ്രൊഫസർ, അസി പ്രൊഫസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയർ സൂപ്രണ്ട്, സീനിയർ ക്ലാർക്ക്, ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, ലൈബ്രേറിയൻ ഗ്രേഡ് വൺ, ഹൗസ് കീപ്പർ, ഫുൾടൈം സ്വീപ്പർ, ഡ്രൈവർ കം അറ്റൻഡന്റ്, വാച്ച്മാൻ എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചിരിക്കുന്നത്. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ച് നിയമനങ്ങൾ നടത്തുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

