സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ നാല് ലക്ഷം രൂപയുടെ തോക്ക് വാങ്ങിയിരുന്നെന്ന് വെളിപ്പെടുത്തി ഗുണ്ടാത്തലവന്‍

ചണ്ഡിഗഡ്: 2018ല്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയ് വെളിപ്പെടുത്തി. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ലോറന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുന്നതിനായി മറ്റൊരു ഗുണ്ടയായ സമ്ബത്ത് നെഹ്റയെ ലോറന്‍സ് മുംബയിലേയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ദൂരത്തിരുന്നു വെടിവയ്ക്കാന്‍ സാധിക്കുന്ന തോക്ക് കൈവശമില്ലാതിരുന്നതിനാല്‍ സമ്ബത്തിന് കൃത്യം നിര്‍വഹിക്കാന്‍ സാധിച്ചില്ല. പിന്നാലെ നാല് ലക്ഷം രൂപയ്ക്ക് ദൂരത്തിരുന്ന് വെടിവയ്ക്കാന്‍ സാധിക്കുന്ന തോക്ക് വാങ്ങിയെന്നും, എന്നാല്‍ 2018ല്‍ പൊലീസ് ഈ തോക്ക് പിടിച്ചെടുത്തതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നെന്നും ലോറന്‍സ് വ്യക്തമാക്കി.

അതേസമയം, 1998ല്‍ സിനിമാ ചിത്രീകരണത്തിനിടെ രാജസ്ഥാനിലെ കങ്കണിയില്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയെന്ന കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് വാദിക്കുന്ന സല്‍മാന്‍ ഖാന്റെ അഭിഭാഷകനായ ഹസ്തിമല്‍ സരസ്വത് തനിക്ക് ലോറന്‍സിന്റെ സംഘത്തില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ജൂലായ് ആറിന് വെളിപ്പെടുത്തിയിരുന്നു.