ന്യൂഡൽഹി: പാക് ചാര സംഘടനയായ ഐഎസ്ഐക്ക് വേണ്ടി ഇന്ത്യയിൽ ചാരവൃത്തി നടത്തിയെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തൻ. 2007നും 2010നും ഇടയിൽ ഇന്ത്യയിൽ സന്ദർശനം നടത്തവെ ചാരവൃത്തി നടത്തിയെന്നാണ് മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ.
യുപിഎ സർക്കാർ അധികാരത്തിലിരുന്ന സമയത്താണ് പാക് മാദ്ധ്യമപ്രവർത്തകനായ നുസ്രത്ത് മിർസ ഇന്ത്യയിൽ സന്ദർശനം നടത്തിയത്. ഡൽഹിയിലും അലിഗഡിലും ഉൾപ്പടെ നിരവധി പരിപാടികളിൽ നുസ്രത്ത് മിർസ പങ്കെടുക്കുകയും ചെയ്തിരുന്നു. 2009 ഒക്ടോബർ 27 ന് ഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ നടന്ന തീവ്രവാദത്തിനെതിരായ അന്താരാഷ്ട്ര സമ്മേളനത്തിലും നുസ്രത്ത് മിർസ പങ്കെടുത്തിരുന്നു. ജുമാമസ്ജിദ് യുണൈറ്റഡ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്.
മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ക്യാബിനറ്റ് മന്ത്രി ഗുലാം നബി ആസാദ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. വെളിപ്പെടുത്തൽ പുറത്തുവന്നതോടെ പാകിസ്ഥാൻ മാദ്ധ്യമ പ്രവർത്തകൻ ഇന്ത്യയിൽ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങൾ പല ദേശീയ മാദ്ധ്യമങ്ങളും പുറത്ത് വിട്ടിരിക്കുകയാണ്. അതേസമയം, മിർസയുടെ ഇന്ത്യ സന്ദർശന വേളയിൽ പാകിസ്ഥാൻ വിദേശകാര്യ വകുപ്പിൽ നിന്നും ഏറെ സഹായങ്ങൾ നുസ്രത്ത് മിർസയ്ക്ക് ലഭിച്ചിരുന്നു.
ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന വിവരങ്ങൾ അന്നത്തെ കരസേനാ മേധാവിയായിരുന്ന അഷ്ഫാഖ് പർവേസ്പ കയാനിക്ക് കൈമാറാനായിരുന്നു തനിക്ക് ലഭിച്ച നിർദ്ദേശമെന്നും എന്നാൽ നേരിട്ട് അതിന് താൻ തയ്യാറായില്ലെന്നും മിർസ വെളിപ്പെടുത്തി. എന്നാൽ, നൽകിയ വിവരങ്ങൾ കയാനിക്ക് ലഭിച്ചുവെന്നും മിർസ വ്യക്തമാക്കി. ഇതുപോലുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമോ എന്ന് വീണ്ടും തന്നോട് ആവശ്യപ്പെട്ടുവെന്നും മിർസ പറഞ്ഞു. യുട്യൂബിൽ പോസ്റ്റ് ചെയ്ത അഭിമുഖത്തിലാണ് മിർസ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അഞ്ച് തവണ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും ഡൽഹി, ബംഗളൂരു, ചെന്നൈ, പാട്‌ന, കൊൽക്കത്ത എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും മിർസ വീഡിയോയിൽ വിവരിക്കുന്നുണ്ട്.

