തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുന്നതിനിടെയായിരുന്നു അദ്ദേഹം പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കേരളത്തിൽ കോൺഗ്രസിന്റെ നിലനിൽപ്പിന് കാരണം എൽഡിഎഫാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ബിജെപിയ്ക്ക് കരുത്താർജിക്കാൻ കഴിയാത്തത് എൽഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ബിജപിയ്ക്ക് കരുത്താർജിക്കാൻ ഇവിടെ എൽഡിഎഫിനെ ദുർബലപ്പെടുത്തണം. അതാണ് ബിജെപിയുടെ മനസിൽ. അതിന് ബിജെപിക്കൊപ്പം നിന്ന് സഹായിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. രാജ്യത്തിന്റെ ഇടതുപക്ഷ മുഖങ്ങളായി കണ്ടിരുന്ന സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ത്രിപുര. അവിടെ ബിജെപിയ്ക്ക് വലിയ തോതിൽ സ്വാധീനമുണ്ടായിരുന്നില്ല. എന്നാലവിടെ ഇടതുപക്ഷ മുന്നണിയെ തകർക്കാനുപയോഗിച്ചത് കോൺഗ്രസിനെയായിരുന്നു. കോൺഗ്രസിനെ ഒന്നിച്ച് അങ്ങോട്ടുവാരി എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ നോക്കി. ഉള്ളതുപറയുമ്പോൾ കള്ളിയ്ക്ക് തുള്ളൽ എന്നുപറയുന്നതാണ് ഇവിടെ നടക്കുന്നത്. അങ്ങനെ ത്രിപുരയിലെ ഇടതുപക്ഷ സർക്കാർ ഇല്ലാതെയായെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ ഏത് നിമിഷത്തിലും എവിടേയ്ക്കും വാരാനാകുമെന്ന ഉത്തമബോദ്ധ്യം ബിജെപിയ്ക്കുണ്ട്. എന്നാൽ നിങ്ങളെ കൂട്ടത്തോടെ വാരിയാലും കേരളത്തിൽ എൽഡിഎഫിനെ തകർക്കാനാകില്ല. നിങ്ങൾ ഇപ്പോൾ നിലനിൽക്കുന്നതിന് കാരണം തങ്ങളാണെന്ന് മനസിലാക്കണം. ഇവിടെ ബിജെപിയെ ചേർത്തുകൊണ്ട് എൽഡിഎഫിനെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

