ന്യൂഡൽഹി: വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഉപകരണങ്ങൾ വാങ്ങിയാൽ മതിയെന്ന് ടെലികോം കമ്പനികളോട് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. പുതുക്കിയ ലൈസൻസ് വ്യവസ്ഥകളിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ തീരുമാനം ചൈനീസ് കമ്പനികൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികളിൽ നിന്നും ഉപകരണങ്ങൾ വാങ്ങണമെങ്കിൽ ഇനി മുതൽ ടെലികോം കമ്പനികൾ നിർദ്ദിഷ്ട അധികൃതരിൽ നിന്നും അംഗീകാരം വാങ്ങണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, ചൈനീസ് ഫാക്ടറികളിൽ നിർമ്മിച്ച ടെലികോം ഉപകരണങ്ങൾ വാങ്ങാൻ ഉത്്പാദകർക്ക് നൽകിയിരുന്ന ഇളവുകൾ പിൻവലിക്കാൻ ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യത്ത് 5ജി നടപ്പിലാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ തീരുമാനമെന്നതാണ് ശ്രദ്ധേയം.

