പാലക്കാട്: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി. പാലക്കാട് ഷോളയാർ പൊലീസാണ് അജി കൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടിക്കവർഗ വിഭാഗത്തിൽ പെട്ട രാമൻ എന്ന ആളുടെ ഭൂമി കൈയ്യേറിയന്നെതാണ് അജി കൃഷ്ണനെതിരെയുള്ള പരാതി.
സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു, സ്ഥലം കൈയ്യറി എന്നാണ് പരാതിയിൽ പറയുന്നത്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്.
കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് എച്ച്ആർഡിഎസ്. 1995 ലാണ് ഈ സംഘടന രൂപീകൃതമായത്. അതേസമയം, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടർന്ന്, സന്നദ്ധ സംഘനയായ എച്ച്ആർഡിഎസ് ചർച്ചാ വിഷയമായിരുന്നു.

