ചെന്നൈ: ഇന്ന് രാവിലെ എഐഎഡിഎംകെയുടെ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തു.
ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ കോഓര്‍ഡിനേറ്റര്‍ പദവി പനീര്‍സെല്‍വവും അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ പദവി എടപ്പാടി പളനിസ്വാമിയുമായിരുന്നു വഹിച്ചിരുന്നത്. പാര്‍ട്ടിയിലെ കോര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ പദവികള്‍ അവസാനിപ്പിച്ചു കൊണ്ടായിരുന്നു പുതിയ തീരുമാനം.
അതേസമയം, ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ചേരാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പനീര്‍സെല്‍വത്തിന്റെ ആവശ്യം തള്ളി. രാവിലെ 9.15 ന് യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, കോടതി 9 മണിക്ക് വിധി പറഞ്ഞു. ഇതോടെയാണ് പാര്‍ട്ടിയുടെ നേതൃഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

