കൊളംബോ: രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ വസതിക്ക് തീയിട്ട് പ്രക്ഷോഭകർ. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹനങ്ങളും നശിപ്പിച്ചു. വലിയ പ്രക്ഷോഭമാണ് ശ്രീലങ്കയിൽ നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് ശ്രീലങ്ക. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രക്ഷോഭകർ അദ്ദേഹത്തിന്റെ വസതിയിൽ അതിക്രമിച്ച് കയറിയിരുന്നു. വൻ നാശനഷ്ടങ്ങളാണ് ഇവിടെയുണ്ടായത്.
പ്രസിഡന്റിന്റെ ഓഫീസിന്റെയും വസതിയുടെയും നിയന്ത്രണം പ്രതിഷേധക്കാർ കയ്യടക്കിയിരിക്കുകയാണ്. പ്രക്ഷോഭത്തെ തുടർന്ന് 40 പ്രതിഷേധക്കാർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഒരു സംഘം സൈനികരും പ്രസിഡന്റിനെതിരായ പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു.
പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചിരുന്നു. പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് രാജിവെയ്ക്കാൻ തീരുമാനിച്ചതെന്ന് വിക്രമസിംഗെ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് താൻ രാജിവക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

