കമ്പനി രൂപീകരണം സർക്കാരിന്റെ നയത്തിന്റെ ഭാഗം; കെ സ്വിഫ്റ്റിനെതിരായ ഹർജികൾ തള്ളി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകൾക്കായി രൂപീകരിച്ച പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെതിരായ ഹർജികൾ തള്ളി ഹൈക്കോടതി. കമ്പനി രൂപീകരണം സർക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും ഇതിൽ ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

ജസ്റ്റിസ് അമിത് റാവൽ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ഹർജിയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഹർജിയുമാണ് ഹൈക്കോടതി തള്ളിയത്. അതേസമയം, കെ സ്വിഫ്റ്റിനെതിരായ ഹർജികൾ തള്ളിയ ഹൈക്കോടതി വിധിയെ ഗതാഗത മന്ത്രി ആന്റണി രാജു സ്വാഗതം ചെയ്തു. സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കിഫ്ബി , പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ കേന്ദ്രീകൃതമായി ഓടിക്കാൻ ആണ് കമ്പനി രൂപീകരിച്ചത്. കെ സ്വിഫ്റ്റ് എന്ന താൽകാലിക കമ്പനിയിൽ സ്ഥിര നിയമനങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണ്. യൂണിറ്റ് തലത്തിൽ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.