കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയുടെ പുനഃസംഘടിപ്പിച്ച പഠന ബോർഡുകൾക്ക് അംഗീകാരം നൽകണമെന്ന വൈസ് ചാൻസലറുടെ ശുപാർശ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 72 ബോർഡുകളിലേക്കുള്ള അംഗങ്ങളുടെ പട്ടിക ഗവർണർ തിരിച്ചയച്ചു. ഗവർണറാണ് പഠന ബോർഡുകൾക്ക് നാമനിർദ്ദേശം ചെയ്യേണ്ടതെന്നിരിക്കെ, നാമിനേഷൻ നടത്താൻ സർവകലാശാലക്ക് അധികാരമില്ലെന്നും ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ അംഗങ്ങളുടെ പട്ടിക തിരിച്ചയച്ചത്.
ബോർഡ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം സർവ്വകലാശാല ചട്ടപ്രകാരം ഗവർണർക്കാണുള്ളത്. ഗവർണക്ക് അപേക്ഷ നൽകുകയും അദ്ദേഹം അത് അനുവദിച്ച് വിസിക്ക് തിരിച്ച് അയക്കുകയുമായിരുന്നു സാധാരണയായി ചെയ്യാറുള്ളത്. എന്നാൽ, പട്ടിക കണ്ണൂർ വിസി സമർപ്പിച്ച സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. 1996 മുതൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവർണറാണ് നാമനിർദ്ദേശം ചെയ്യുന്നത്.
അതേസമയം, ചാൻസലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നും മാനദണ്ഡങ്ങൾ പാലിച്ച് വേണം ബോർഡുകളിലേക്ക് അദ്ധ്യാപകരെയും വിദഗ്ദരെയും നാമനിർദ്ദേശം ചെയ്യാവൂയെന്നും നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് ആണെന്ന ഗവർണറുടെ സത്യവാങ്ങ്മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.

