തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടി കനത്ത മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂലൈ 8 രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് 3.5 മുതൽ 4.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
അതേസമയം, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ ജില്ലയിലെ അംഗണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.സി, ഐ.സി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാർ വ്യക്തമാക്കി.

